വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം കുമ്പളങ്ങയുടെ ആകൃതിയും മുറിച്ചാൽ മത്തങ്ങയോടു സാമ്യവുമുള്ള ഷമാം മലയാളത്തിൽ തയ്ക്കുമ്പളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴത്തിൽ ധാരാളം ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമാണ്. ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ പ്രശ്നങ്ങൾക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഷമാം . മൈലൂർ ചെമ്മായത്ത് സി.എച്ച് അബുവിന്റെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.
പുനെയിൽ നിന്നും വരുത്തിയ ഹൈബ്രിഡ് ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കാർഷിക വികസന സമിതിയംഗം കെ.എസ് അലിക്കുഞ്ഞ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, കർഷകരായ അഷറഫ് വടക്കേവീട്ടിൽ, സി.എച്ച് അബു, ഷാനു കുന്നേൽ, ഖാദർ വടക്കേവീട്ടിൽ, അൽഫിയ ഫാത്തിമ, ഗസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. വടക്കേവീട്ടിൽ അഷറഫും, സി.എച്ച് അബുവും, വി.കെ ജിൻസും ചേർന്നാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള ഷമാം കൃഷി ആരംഭിച്ചത്.
