തട്ടേക്കാട് : എസ് വളവിൽ വെളിച്ചമെത്തി. വന്യമൃഗങ്ങളിൽനിന്ന് രാത്രിയിലുള്ള വഴി യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ എസ് വളവിൽ വഴിവിളക്കുകൾ സ്ഥാപിച്ചു. വനംവകുപ്പും കീരംപാറ പഞ്ചായത്തും ചേർന്നാണ് വിളക്കുകൾ സ്ഥാപിച്ചത്. ചേലമലയിലും തേക്ക് പ്ലാന്റേഷനിലും തന്പടിച്ചിട്ടുള്ള കാട്ടാനകൾ എസ്. വളവ് ഭാഗത്ത് റോഡ് മുറിച്ചു കടക്കുന്നത് പതിവാണ്. രാത്രിയിൽ വാഹന യാത്രക്കാരും കാൽനടക്കാരും വന്യമൃഗങ്ങളെ കണ്ട് ഭയന്ന് അപകടത്തിൽപ്പെട്ട സംഭവങ്ങൾ നിരവധിയാണ്.
വെളിച്ചമില്ലാത്തതിനാൽ ആന റോഡിൽ നിൽക്കുന്നത് യാത്രക്കാർക്ക് കാണാൻ കഴിയാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ സഹകരണത്തോടെ എസ്.വളവിൽ ലൈറ്റ് സ്ഥാപിച്ചത്. പ്രധാന റോഡിൽ ആവശ്യത്തിന് വഴിവിളക്കുകൾ സ്ഥാപിച്ച് വെളിച്ചം ഉറപ്പ് വരുത്തിയാൽ റോഡിൽ നിന്ന് വന്യമ്യഗങ്ങളെ അകറ്റി നിർത്താനാകുമെന്നാണ് കരുതുന്നത്.