കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ എം എൽ എ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.2023 – ൽ എം എൽ എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചുള്ള റവന്യൂ ടവറിന്റെ ചുറ്റു റോഡുകൾ ടൈൽ വിരിക്കൽ,കോൺക്രീറ്റിങ്ങ് അടക്കമുള്ള പ്രവർത്തികൾ പൂർത്തീകരിച്ചു.തുടർന്ന് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഈ വർഷം എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു.എന്നാൽ എം എൽ എ ആസ്തി വികസന ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡങ്ങളും, നിബന്ധനകളും ഈ ഫണ്ട് വിനിയോഗത്തിന് തടസമായി നിന്ന സാഹചര്യത്തിലാണ് പ്രത്യേക അനുമതി ആവിശ്യപ്പെട്ടുകൊണ്ട് ധനകാര്യ വകുപ്പിന് കത്ത് നൽകിയിരുന്നത്.ഈ ആവശ്യം പരിഗണിച്ചു കൊണ്ടാണ് എം എൽ എ ആസ്തി വികസനഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചിലവഴിച്ച് ടൈൽ പാകുന്നതിനും,കോൺക്രീറ്റ് ചെയ്യുന്നതിനുമായി പ്രത്യേക അനുമതി നൽകി ധനകാര്യ വകുപ്പ് ഉത്തരവായിട്ടുള്ളത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു. നേരത്തെ ചിലവഴിച്ച 12 ലക്ഷം രൂപയ്ക്ക് പുറമെ 35 ലക്ഷം രൂപ കൂടി വിനിയോഗിക്കാൻ അനുമതി ലഭ്യമായതോടുകൂടി റവന്യൂ ടവറിന്റെ പരിസര നവീകരണത്തിനായി ആകെ എം എൽ എ ഫണ്ട് 47 ലക്ഷം രൂപ വിനിയോഗിക്കുകയാണ്.
