കോതമംഗലം : രാമല്ലൂർ – മുത്തംകുഴി,നേര്യമംഗലം – നീണ്ടപാറ റോഡുകളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബഡ്ജറ്റ് പ്രവർത്തിയായിട്ടാണ് റോഡുകൾക്ക് തുക അനുവദിച്ചിട്ടുള്ളത്.രാമല്ലൂർ – മുത്തംകുഴി റോഡിന് 5 കോടി രൂപയും,നേര്യമംഗലം – നീണ്ടപാറ റോഡിന് 7 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ബി എം ബി സി നിലവാരത്തിലാണ് രണ്ട് റോഡുകളുടേയും നിർമ്മാണം.
റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമുള്ളിടത്ത് കോൺക്രീറ്റിങ്ങ്, ടൈൽസ്, ഐറിഷ്, റോഡ് ഷോൾഡർ സ്ട്രങ്ങ്തനിങ്ങ്,ഡ്രൈനേജ്,സംരക്ഷണ ഭിത്തി,പുതിയ കൾവെർട്ടുകൾ അടക്കമുള്ള നിർമ്മാണ പ്രവർത്തികളോടൊപ്പം ട്രാഫിക് സേഫ്റ്റി സൈൻ ബോർഡുകൾ,സീബ്ര ലൈൻ റോഡ് മാർക്കിങ്ങ്,ക്രാഷ് ബാരിയർ,സ്റ്റഡ് അടക്കമുള്ള റോഡ് സേഫ്റ്റി മെഷേഴ്സ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് രണ്ട് റോഡുകളും ബി എം ബി സി നിലവാരത്തിലേക്ക് മാറ്റുന്നത്.തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.