കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട് കണ്ട് കയ്യൊപ്പ് ചാർത്താനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് നവീൻ എന്ന ചിത്രകാരൻ.കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് വച്ചാണ് വരയിൽ ഇന്ദ്രജാലം തീർക്കുന്ന നവീൻ എന്ന 24കാരന് രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് താൻ വരച്ച രാഹുലിന്റെ മുഖ ചിത്രം കാണിക്കാനുള്ള അവസരം ലഭിച്ചത്. തന്റെ ബന്ധുവായ ഫിൽസൺ മാത്യു വഴി ആന്റോ ആന്റണി എം. പി, ഷാഫി പറമ്പിൽ എം എൽ എ എന്നിവർ മുഖാന്തിരമാണ് നവിൻന് താൻ വരച്ച രാഹുൽ ചിത്രം അദ്ദേഹത്തെ കാണിക്കാനുള്ള അവസരം ഒരുങ്ങിയത്.കേരള പോലീസിന് പുറമെ നിറ തോക്കുമായി 8 ഓളം വരുന്ന കേന്ദ്ര സേന സുരക്ഷ ഒരുക്കുന്ന രാഹുലിന്റെ അടുത്ത് ചേർന്ന് നിന്ന് തന്റെ ചെറിയ വരയിലൂടെ അദ്ദേഹത്തിന്റെ മനസ് കവർന്നെടുക്കുവാൻ സാധിച്ചത് വളരെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് നവീൻ പറഞ്ഞു.
ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റായ നവീൻ വരയെ കൂടെ കൂട്ടിയിട്ട് 5 വർഷമേ ആയിട്ടുള്ളു. സ്കൂൾ വിദ്യാഭ്യാസ കാലത്തൊന്നും വരയുടെ ലോകത്തേക്ക് എത്തിപെടാതിരുന്ന ഈ ചെറുപ്പക്കാരൻ ഇപ്പോൾ വരയുടെയും, നിറങ്ങളുടെയും ലോകത്താണ്. കോട്ടയം പാമ്പാടി ക്രോസ്സ് റോഡ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും, മണർകാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തിയാക്കി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ തെറാപ്പി കോഴ്സ് പടിക്കുന്നതിനിടത്തിലാണ് യാതൃശ്ചികമായി വരയിലേക്ക് വഴുതി വീണത്. പഠനാവശ്യത്തിനായി റെക്കോർഡ് ബുക്കിൽ ചിത്രം വരച്ചപ്പോൾ അത് കണ്ട് അധ്യാപകരും, സഹപാഠികളും അഭിനന്ദിച്ചു. അങ്ങനെയാണ് ചിത്രങ്ങളെയും, നിറങ്ങളെയും കൂട്ട് പിടിക്കാൻ തീരുമാനിച്ചത്. സ്വന്തം ചിത്രവും, മെക്കാനിക്കൽ എൻജിനിയർ ആയ ജേഷ്ഠൻ നിധിൻന്റെ ചിത്രവും വരച്ചു വിജയിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു.
നിരവധി പ്രമുഖ വ്യക്തിത്വങ്ങളെയാണ് ഈ അഞ്ച് വർഷത്തിനിടയിൽ നവീൻ തന്റെ ക്യാൻവാസിൽ പകർത്തിയത്. അതിൽ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ മുതൽ യുവ താരങ്ങളായ നിവിൻ പോളിയും, ടോവിനോ തോമസും, ആസിഫ് അലിയും വരെ ഉൾപെടും. വിശ്വ പുരുഷൻ ഡോ ശശി തരൂർ, മുൻ മുഖ്യ മന്ത്രി മാരായ വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയസ് തോമസ് പ്രഥമൻ ബാവ ഇതിനു പുറമെ ഏറ്റവും അവസാനമായി ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരെ വരച്ചു അദ്ദേഹത്തെയും ജന മനസുകളെയും അതിശയിപ്പിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ .താൻ വരയ്ക്കുന്ന ചിത്രങ്ങൾ അവർക്ക് നേരിട്ട് സമ്മാനിക്കുന്നതോടൊപ്പം ആ പ്രമുഖ വ്യക്തികളുടെ കയ്യൊപ്പും വാങ്ങിയാണ് നവീൻ മടങ്ങുന്നത്. ഇത്തരത്തിൽ കയ്യൊപ്പ് ചാർത്തിയ 17 ൽ പരം ചിത്രങ്ങൾ തന്റെ കോട്ടയം പാമ്പാടിയിലെ നെൽമല വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് നവീൻ .
ഗ്രാഫൈറ്റ് പെൻസിലും, ചാർകോൾ പെൻസിലും ഉപയോഗിച്ചാണ് ജീവൻ തുടിക്കുന്ന ഈ മിഴിവാർന്ന ചിത്രങ്ങൾ നവീൻ ഒരുക്കുന്നത്. കോട്ടയം, പാമ്പാടി നാലുവയലിൽ നെൽമല എബ്രഹാം ഈപ്പന്റെയും, റിനി അബ്രഹാമിന്റെയും രണ്ട് ആണ്മക്കളിൽ ഇളയായളാണ് വർണ്ണലോകത്തെ ഈ പുത്തൻ താരോദയം.കൊച്ചി ആസ്റ്റർ മെഡി സിറ്റിയിൽ ഒക്യൂ പ്പേഷണൽ തെറാപ്പിസ്റ്റായി ജോലിനോക്കിയിരുന്ന നവീൻ ഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.
ചിത്രം : നവീൻ താൻ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രവുമായി അദ്ദേഹത്തിന്റ സമീപം.