കോതമംഗലം: യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിന് ഒരു പരിധി വരെ പരിഹാരമായി സർക്കാർ പുറപ്പെടുവിച്ച ശവസംസ്ക്കാരം സംബന്ധിച്ച ഓർഡിനൻസിനെ പൂർണ്ണമായി തള്ളി കളഞ്ഞ് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ സമിതി. തർക്കത്തെ തുടർന്ന് ഭൂരിപക്ഷം വരുന്ന യാക്കോബായ സഭയെ കോടതി പള്ളിയിൽ നിന്ന് വിലക്കിയിട്ടും ശവസംസ്ക്കാരം പള്ളി സെമിത്തേരിയിൽ മറവ് ചെയ്യുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ നാല് വർഷത്തിന് മുൻപ് യാക്കോബായ സഭയിലെ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാതെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പൂട്ടി ഇടുകയായിരുന്നു.
അതിന് ശേഷം വലിയ പള്ളിക്ക് സമീപത്ത് താല്ക്കാലികമായി ഒരുക്കിയ മറ്റൊരു സ്ഥലത്താണ് മൃതദേഹം സംസ്കരിച്ചിരുന്നത്. കഴിഞ്ഞ മാസം സർക്കാർ ഉത്തരവ് പ്രകാരം തർക്കമുള്ള ഇടവക പള്ളികളിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് അനുവാദം നൽകിയിരുന്നു.
ഇതോടെയാണ് യാക്കോബായ സഭയിലെ വിശ്വാസികളുടെ പൂർവ്വീകർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ സംസ്ക്കാരത്തിന് വഴി തെളിഞ്ഞത്. ഈ ഓർഡിനൻസ് പ്രകാരം ചൊവ്വാഴ്ച രാവിലെ സെന്റ്.മേരീസ് പള്ളിൽ നടക്കേണ്ടിയിരുന്ന ശവസംസ്ക്കാരമാണ് ഓർത്തഡോക്സ് വികാരിയും, ട്രസ്റ്റിയും, സെക്രട്ടറിയും ചേർന്ന് തടസ്സപ്പെടുത്തി പള്ളിയുടെ പ്രധാന ഗേറ്റും സെമിത്തേരിയുടെ ഗേറ്റും പൂട്ടിയിട്ടത്.
രാവിലെ പള്ളിയുടെ പ്രധാന ഗേറ്റിലും സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന വഴിയിലും ഓർത്തഡോക്‌സ് വിഭാഗം വാഹനം പാർക്ക് ചെയ്തത് സംസ്ക്കാരത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത് പോലീസ് ഇടപെട്ട് അവിടെ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യിച്ചിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച പൈങ്ങോട്ടൂർ പാലക്കാട്ട് പുത്തൻപുരയിൽ വീട്ടിൽ ഐപ്പ് പി.വിയുടെ മൃതദേഹം സംസ്ക്കരിക്കാൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി പള്ളിയുടെ മുൻപിൽ എത്തിയപ്പോഴും ഗേറ്റ് തുറക്കാൻ ഭരണ സമിതി തയ്യാറായില്ല. ഇതിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം സെക്രട്ടറിയായ പുക്കുന്നേൽ പി.വി ഐസക്കിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ധേഹം വിളിച്ച വ്യക്തിയോട് അസഭ്യമായ രീതിയിലാണ് സംസാരിച്ചതെന്നും ആക്ഷേപമുണ്ട്.
ഇക്കാര്യം ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓർത്തഡോക്സ് വിഭാഗത്തിലെ ആരും പള്ളിയിൽ വന്ന് ഗേറ്റ് തുറന്ന് കൊടുക്കാൻ തയ്യാറാകാത്തതിനാൽ സംസ്ക്കാരം നിശ്ചയിച്ച സമയത്ത് നടത്തുവാൻ കഴിഞ്ഞില്ല. തുടർന്ന് നൂറ് കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ ഗേറ്റിന്റെ പൂട്ട് പൊളിച്ച് മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിച്ചു. വിശ്വാസികൾ മൃതദേഹം സംസ്ക്കരിക്കുന്ന സമയത്ത് സെമിത്തേരിയോട് ചേർന്നുള്ള യാക്കോബായ പള്ളിയിൽ നിന്ന് വൈദീകർ സംസ്ക്കാരത്തിന്റെ പ്രാർത്ഥനകൾ നടത്തി.
ശവസംസ്ക്കാരത്തെ സംബന്ധിച്ച് വ്യക്തമായ സർക്കാർ ഓർഡിനൻസ് ഉണ്ടായിട്ടും യാക്കോബായ സഭയിലെ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി സഭ മുന്നോട്ട് പോകുമെന്ന് യാക്കോബായ സുറിയാനി സഭാ സെക്രട്ടറി അഡ്വ.പീറ്റർ കെ. ഏലിയാസ് കോതമംഗലം വാർത്തയോട് പറഞ്ഞു.
You must be logged in to post a comment Login