കോതമംഗലം : പോത്താനിക്കാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ എട്ടു പേരാണ് ഇതുവരെ ഉള്ളത്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചു. രോഗിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഫയർ ഫോഴ്സ് അണുനശീകരണം നടത്തി. പഞ്ചായത്തിൽ കടകളുടെ പ്രവർത്തനസമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാക്കി. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. അടിയന്തര യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., എൽദോ എബ്രഹാം എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് ശാന്തി എബ്രഹാം, മെഡിക്കൽ ഓഫീസർ ഡോ. സുജേഷ് മേനോൻ, തഹസിൽദാർ റേച്ചൽ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
