പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് ആരംഭിക്കാനുള്ള നടപടികൾ തീർച്ചയായും പരിഗണിക്കും എന്നതാണ് എന്ന് എഴുതി നൽകിയ മറുപടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി.വളരെ പ്രസക്തമായ ഒരു ആവശ്യമാണ് ബഹുമാനപ്പെട്ട അംഗം സബ്മിഷനിലൂടെ ഉന്നയിച്ചിരിക്കുന്നത് എന്ന് മറുപടിയായി മന്ത്രി ഗണേഷ് കുമാർ പറഞ്ഞു .സമാനമായ നിലയിൽ യാത്രാദുരിതം അനുഭവിക്കുന്ന മറ്റു പ്രദേശങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് പുതിയ ചെറിയ ബസുകൾ വാങ്ങുവാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏറ്റവും പുരോഗതിയുള്ള ജില്ലയായ എറണാകുളം ജില്ലയിലുള്ള ഈ സ്ഥലത്തേക്ക് ഗതാഗത യോഗ്യമായ നല്ല റോഡുകളുടെ അഭാവം നിലവിലുണ്ട് .ആധുനിക കാലത്തും ശരിയായ യാത്ര സൗകര്യമില്ലാത്തതിനാൽ വഴിയിൽ യുവതിക്ക് പ്രസവിക്കേണ്ടിവന്ന ഊരാണിത് .
ഈ ഊരിൽ ഉള്ളവർക്ക് തങ്ങളുടെ വേങ്ങൂർ പഞ്ചായത്ത് ആസ്ഥാന കേന്ദ്രത്തിൽ എത്തണമെങ്കിൽ പോലും ഇടമലയാർ കടന്ന് തൊട്ടടുത്ത നിയോജക മണ്ഡലമായ കോതമംഗലത്ത് കൂടി സഞ്ചരിച്ച് എത്തുമ്പോൾ 50 കിലോമീറ്ററിലധികം വേണ്ടി വരുന്നു .തങ്ങളുടെ കൊച്ചു കാര്യങ്ങൾക്ക് വില്ലേജ് ഓഫീസിലും പട്ടികജാതി വികസന ഓഫീസിലും ,താലൂക്ക് ഓഫീസിലും എത്തണമെങ്കിൽ നിലവിൽ 2500 രൂപ മുതൽ 3000 രൂപ വരെ ജീപ്പ് കൂലി മുടക്കിയാണ് ഇവർ സഞ്ചരിക്കുന്നത്. പെരിയാർ നദിയുടെ മറുകരയിൽ ആണ് ഈ കോളനി സ്ഥിതിചെയ്യുന്നത് .തങ്ങളുടെ ഊരിൽ നിന്നും ജില്ലാ ആസ്ഥാനമായ കാക്കനാട് കളക്ടറേറ്റിലേക്ക് എത്തണമെങ്കിൽ പിന്നെയും 40 കിലോമീറ്റർ ദൂരം സഞ്ചരിക്കണം .കാട്ടാന ശല്യം മൂലം പൊറുതിമുട്ടുന്ന ഇവർക്ക് , തങ്ങളുടെ വനവിഭവങ്ങൾ ,പച്ചമരുന്നുകൾ ഇവ എറണാകുളം മാർക്കറ്റിൽ ക്രയവിക്രയം ചെയ്യുന്നതിന് സഞ്ചാരസ്വാതന്ത്ര്യം സുഗമമായി ലഭിക്കേണ്ടതുണ്ട് .. പോങ്ങൻ ചുവട് , താളുകണ്ടം ആദിവാസി കുടികളിൽ ഉള്ള നിർധനരായ ആദിവാസി കുട്ടികൾ പത്താം ക്ലാസ് കഴിയുമ്പോഴേക്കും വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണ് .യാത്ര സൗകര്യത്തിൻ്റെ അഭാവമാണ് ഇതിൻറെ പ്രധാന കാരണമെന്നും സബ്മിഷനിലൂടെ എം.എൽ.എ. പറഞ്ഞു.
നാം ഏറെ പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന ഇക്കാലത്ത് ,ഒരു ബസ് പോലും എത്തിച്ചേരാത്ത ഇടം ഉണ്ട് എന്ന് പറയുന്നത് വളരെ അപമാനകരമാണ് എന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു . ഇടമലയാറിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ഈ ഊരുകൾ. ഈ വസ്തുതയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ഒരു ചെറിയ ബസ് എങ്കിലും പോങ്ങൻ ചുവട് – വടാട്ടുപാറ – കോതമംഗലം – പെരുമ്പാവൂർ – കാക്കനാട് വഴി എറണാകുളത്തേക്ക് അനുവദിക്കണമെന്നആവശ്യത്തിനാണ് മന്ത്രി കെ.ബി. ഗണേശ് കുമാർ പച്ചക്കൊടി കാണിച്ചത്.
