മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ ലക്ഷ്യമിട്ടാണ് പോലീസ് പുലര്‍ച്ചെ മുതല്‍ പരിശോധനകള്‍ ആരംഭിച്ചത്. മൂവാറ്റുപുഴ, വാഴക്കുളം, പിറവം, കൂത്താട്ടുകുളം, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, ചോറ്റാനിക്കര, രാമമംഗലം പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെയുള്ള നൂറോളം പോലീസുകാരാണ് സൈബര്‍ ഹണ്ടിനു നേതൃത്വം നല്‍കുന്നത്.
സൈബര്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും തട്ടിപ്പ് പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ഇതിലേക്ക് എത്തുന്ന പണത്തിനു കമ്മീഷന്‍ പറ്റുന്നവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിനു മൂവാറ്റുപുഴയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിരുന്ന സംഭവത്തില്‍ നേരത്തെ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ വിധത്തില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് തുടരുന്നത്. പേഴയ്ക്കാപ്പിള്ളിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയും പിടിയിലാവരുടെ സംഘത്തില്‍ ഉണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും.



























































