കോതമംഗലം: നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കെ വി തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആൻറണി ജോൺ എംഎൽഎക്കൊപ്പം പോലീസും കുറ്റക്കാരാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
സിപിഎം നേതാവിന്റെ തുടർച്ചയായ പീഡനത്തിനൊടുവിൽ പെൺകുട്ടി ഈ മാസം 6ന് എസ്പിക്ക് പരാതി നൽകിയിട്ടും കോതമംഗലം പോലീസ് കേസെടുക്കാൻ 11-ാം തീയതി വരെ വൈകിയത് എംഎൽഎക്കൊപ്പം പോലീസും പ്രതിയെ സംരക്ഷിക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചു എന്നതിൻ്റെ തെളിവാണ്.
പ്രതിക്കെതിരെ വീണ്ടും ഇരകൾ രംഗത്തു വരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. എംഎൽഎയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് കോതമംഗലത്ത് നടക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിന് ഭീഷണിയായ ആൻറണി ജോൺ എംഎൽഎ രാജിവെക്കണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു തെക്കുംപുറം.
യുഡിഎഫ് ചെയർമാൻ ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു. കൺവീനർ എം. എസ്. എൽദോസ്, ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു, പി.എ.എം. ബഷീർ, പ്രിൻസ് വർക്കി, ഇബ്രാഹിം കവല,പി.കെ. മൊയ്തു, എ.റ്റി. പൗലോസ്, ജോമി തെക്കേക്കര,സി.കെ. സത്യൻ, ഇ.എം. മൈക്കിൾ, മാത്യു ജോസഫ്, എ.സി. രാജശേഖരൻ, എൽദോസ് ദാനിയേൽ, മുഹമ്മദ് ഇഖ്ബാൽ, റഷീദ്, പി.സി.ജോർജ്, പീറ്റർ മാത്യു, കെ.ഇ കാസിം, ഷൈമോൾ ബേബി തുടങ്ങിയവർ നേതൃത്വം നല്കി.
