കോതമംഗലം: ദേശീയ പണിമുടക്ക് ദിവസം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ കോതമംഗലം പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാൻ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മറ്റി പിണ്ടിമനയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പിണ്ടിമന കാവുംപടിയിൽ നിന്നും മുത്തം കുഴിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
മുത്തംകുഴി കവലയിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ
ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം ഏ വി രാജേഷ് അധ്യക്ഷനായി . പാർടി ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ , ഏരിയാ സെക്രട്ടറി ,കെ എ ജോയി ,ആൻ്റണി ജോൺ എം എൽ എ , ഏരിയ കമ്മറ്റിയംഗങ്ങളായ പി എം മുഹമ്മദാലി , സി പി എസ് ബാലൻ ,കെ ജി ചന്ദ്ര ബോസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ് , വി സി ചാക്കോ ,മിനി ഗോപി ,എം വി കുര്യാക്കാസ് എന്നിവർ സംസാരിച്ചു.
ആർ എസ് എസിൻ്റെ ഒത്താശയോടെ ബിജെപി അനുഭാവിയായ പഞ്ചായത്ത് സെക്രട്ടറി മനപൂർവം പഞ്ചായത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു ,ദളിത് യുവാവിനെ ജാതിപേര് വിളിച്ചതിനെ തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ നിന്നാണ് ഇരു നേതാക്കളെയും കോതമംഗലം പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത് .നിലവിൽ ഇരുവരും മൂവാറ്റുപുഴ സബ് ജയിലിലാണ്. പൊലീസ് ഉദ്യോഗസ്ഥർ ആർ.എസ്.എസിൻ്റെ ചട്ടകമാകുരുതെന്നും ,പൊതു പ്രവർത്തകരോട് മാന്യത കാണിക്കണമെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.