കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള ‘ഹലോ കൊറോണ’ എന്ന ഹൃസ്വചിത്രം ആന്റണി ജോൺ എം എൽ എ റിലീസ് ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ചിട്ടുള്ള ഈ ചിത്രം ബോധവൽക്കരണമെന്ന നിലയിൽ ഉന്നത നിലവാരം പുലർത്തിയിട്ടുണ്ടെന്നും,ഇത് മറ്റ് സ്കൂളുകൾക്ക് മാതൃകയാണെന്നും ചിത്രത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് അയൽപക്കത്തെ വീട്ടിൽ രോഗബാധിതയായ വൃദ്ധയെ സംശയാസ്പദമായ രീതിയിൽ കണ്ട സ്കൂൾ വിദ്യാർത്ഥിനികൾ കൊറോണ ഹെൽപ് ലൈനിലേക്ക് വിളിച്ചറിയിക്കുന്നതും,തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കൊറോണ ബാധിച്ച വൃദ്ധ രോഗമുക്തി നേടി തിരിച്ചു വരുന്നതും,സർക്കാർ പ്രതിനിധികൾ വിദ്യാർത്ഥിനികളെ അഭിനന്ദിക്കുന്നതും ചിത്രത്തിൻ്റെ ഭാഗമാണ്. ഇനിയുള്ള കാലം കൊറൊണയോടൊത്താണ് കഴിയേണ്ടതെന്നും അതിനാൽ കുട്ടികളുടെ മാതൃക നമുക്കും ഒരു പാഠമാണെന്നും ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലോക്ക് ഡൗൺ കാലത്ത് നിരവധി ഹൃസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള ജോൺസൻ കറുകപ്പിള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ വിഷണറെ ബാനറിൽ പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ നിർമ്മിച്ചിരിക്കുന്ന ഹലോ കൊറോണയുടെ ക്യാമറയും എഡിറ്റിങ്ങും നിർമ്മിച്ചിരിക്കുന്നത് ജോമെറ്റ് തെരെസ് ജോൺ ആണ്.റിലീസിങ്ങ് ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷിജി ഡേവിസ്,ബി പി ഒ ജോതിഷ് പി,എസ് എം സി ചെയർമാൻ അനീഷ് തങ്കപ്പൻ,അധ്യാപകരായ രശ്മി ബി,ദീപൻ വാസു,ലിജി വി പോൾ,ദിവ്യമോൾ,സംവിധായകൻ ജോൺസൻ കറുകപ്പിളളിൽ,ക്യാമറമാൻ ജോമെറ്റ് തെരെസ് ജോൺ എന്നിവർ പങ്കെടുത്തു.