കോതമംഗലം; അയിരൂർപാടത്ത് കഴിഞ്ഞ മാസം അഞ്ചാം തീയതി പുലർച്ചെ ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അയൽവാസിയായ യുവാവ് ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ഉപ്പുകണ്ടം ചിറ്റേത്ത് കുടി അര്‍ഷാദ് (26), മുവാറ്റുപുഴ പെഴക്കാപ്പിള്ളി നൗഫല്‍ (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോതമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തു കൊണ്ടുവന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച ശേഷം വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു പ്രതികൾ സ്വർണ്ണവും പണവും കവർന്നത്. കോതമംഗലം സി ഐയുടെ നേത്രത്വത്തിൽ രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച തെളിവെടുപ്പിൽ മോഷ്ടാക്കൾ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും മുഖം മൂടിയും അടുത്തുള്ള പാടത്തുനിന്നും റബ്ബർ തോട്ടത്തിൽ നിന്നുമായി കണ്ടെടുക്കുകയും ചെയ്‌തു. പ്രതികളെ മോഷണം നടത്തിയ വീട്ടിൽ കൊണ്ട് വന്നും പോലീസ് തെളിവെടുപ്പ് നടത്തി.
അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ്(70) ഭാര്യ ഏല്യാമ്മ (65 ) എന്നിവരുടെ വീട്ടിൽ ആണ് പ്രതികൾ കഴിഞ്ഞ മാസം ആദ്യം മോഷണം നടത്തിയത്. ഇരുവരെയും കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും , ആഴ്ചകൾ നീണ്ടുനിന്ന ചികിത്സക്ക് ശേഷമാണു സുഖം പ്രാപിച്ചു വീട്ടിൽ തിരിച്ചെത്തിയത്. ഇരുവരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാത്രി പത്രണ്ട് മണിയോടുകൂടി വീടിന്റെ പിൻവശത്തു നിന്നും എന്തോ ശബ്ദം കേട്ടപ്പോൾ ലൈറ്റിട്ട് അടുക്കള ഭാഗത്തെത്തിയപ്പോൾ മുഖം മൂടി ധരിച്ച രണ്ട് പേരെ കാണുകയും , ഇവരിലൊരാൾ മാല പൊട്ടിച്ചെടുത്ത ശേഷം തലയ്ക്കടിച്ച് വീഴ്‌ത്തുകയുമെന്നാണ് ഏല്യാമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. അടിയേറ്റ ആഘാതത്തിൽ നിലത്തുവീണ ഏല്യാമ്മയുടെ കാലുകൾ കയർ കൊണ്ട് കൂട്ടിക്കെട്ടിയെന്നും ബഹളം കേട്ടെത്തിയ ഭർത്താവ് യാക്കോബിനെയും കവർച്ചക്കാർ തലയ്ക്കടിച്ചുവീഴ്‌ത്തി നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു എന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.
നാടിനെ നടുക്കിയ സംഭവത്തിൽ എറണാകുളം റൂറൽ പോലീസ് മേധാവി കെ കാർത്തിക് ഐ പി എസ് പുതിയ സംഘത്തെ ചുമതലപ്പെടുത്തുകയും മുവാറ്റുപുഴ DYSP അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കോതമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യൂനസ് , സബ് ഇൻസ്‌പെക്ടർ ദിലീഷ് എന്നിവരുടെ നേത്രത്വത്തിൽ മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തൃപ്രയാറിൽ നിന്നും പിടികൂടുകയായിരുന്നു.
You must be logged in to post a comment Login