കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പിണവുർകുടിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബിയിൽ നിന്നും വേഗത്തിൽ അംഗീകാരം ലഭ്യമാക്കി പതിനാറിൽ അധികം ആദിവാസി കോളനികൾ ഉള്ളതും,ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ ട്രൈബൽ ഹോസ്റ്റൽ വേഗത്തിൽ നിർമ്മിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പ്രസ്തുത ഹോസ്റ്റൽ നിർമ്മാണത്തിനായി കേരള സ്റ്റേറ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിട്ടുണ്ടെന്നും,2020 മാർച്ചിൽ ചേരുന്ന ടെക്നിക്കൽ സാങ്ങ്ഷൻ കമ്മിറ്റിയിൽ ടി പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റിയുടെ റെക്കമെന്റെഷനോടെ കിഫ്ബിയിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സ്വീകരിച്ചു വരുന്നതായും,കിഫ്ബിയിൽ നിന്നും പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.