പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു കരാർ ഒപ്പിട്ടു. 1.08 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്കൂളിൽ പുതിയതായി നടപ്പിലാക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം എഴുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായ ഇവിടെ അയ്യായിരത്തിനാനൂറ് ചതുരശ്രയടി ചുറ്റളവിൽ മൂന്ന് നിലകളിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.
ആറ് ക്ലാസ് മുറികളും വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. നിലവിൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ട് നിലകളിലായി അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകളും നൽകുന്നുണ്ട്.