പെരുമ്പാവൂർ : അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് മുന്നോടിയായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല വകുപ്പിന്റെ കീഴിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രമാണ് നിലവിലുള്ള പാലം പൊളിച്ചു പുനർ നിർമ്മിക്കുന്നതിന് സാധിക്കുകയുള്ളൂ. രണ്ടാഴ്ച്ച കൊണ്ട് ജോലികൾ പൂർത്തീകരിക്കും. അഞ്ച് ജലവിതരണ പൈപ്പുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. 40 ലക്ഷം രൂപയാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജല വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം വഴി ഇതിനുള്ള അനുമതി ലഭ്യമാക്കിയതിന് ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. പതിനെട്ട് മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് പാലം പുനർ നിർമ്മിക്കുന്നത്.
രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ ഒരു വശത്ത് നടപ്പാതയോടെയാണ് പാലം നിർമ്മിക്കുന്നത്. കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് 2.57 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അപകടവസ്ഥയിലുള്ള പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട പാലമാണ് ഇത്. വല്ലം നിവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാലം എന്നതിനപ്പുറം നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോൾ ഈ പാലം ഉപയോഗപ്പെടുത്തി വല്ലം, ചൂണ്ടി ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നു. അൻപത് വർഷത്തിന് മേൽ പഴക്കമുള്ള ഒരു പ്രധാന പാലമാണ് റയോൺപുരം പാലം.