പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ വീട്ടിൽ സഫ്‌വാൻ (31 ), അരുൺകുമാറിന്‍റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടിൽ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ് 5 ന് പുലർച്ചെയാണ് മൊബൈൽ ഷോപ്പിൽ സംഘം ഷട്ടർ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്.
37 വില കൂടിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടോർച്ച്, മെമ്മറി കാർഡുകൾ എന്നിവയാണ് കവർന്നത്. തുടർന്ന് സംഘം ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം എടപ്പാൾ, താനൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും പതിമൂന്ന് ഫോൺ, സ്മാർട്ട് വാച്ച്, ടോർച്ച് എന്നിവ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കൾ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. മോഷണമുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്.
അരുൺകുമാർ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്‌വാൻ ഇരുപതോളം കേസ്സുകളിലും പ്രതിയാണ്. പകൽ ബൈക്കുകളിൽ സ്ഥാപനങ്ങളിൽ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണമുതൽ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചിലവഴിക്കുന്നത്. എസ് പി കെ.കാർത്തിക്, എ എസ് പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, അനിൽകുമാർ, എസ് സി പി ഒമാരായ പി.എ.അബ്ദുൾമനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീർഷാ, എം.ബി.സുബൈർ, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവാരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.