പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച് 31 ന് വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പരമാവധി 3 മാസത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുവാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരെയാണ് ജൂൺ 30 വരെ നിയമിക്കുന്നത്.
സംസ്ഥാനമൊട്ടാകെ എല്ലാ വിഭാഗത്തിലുമുള്ള ഏതാണ്ട് മൂവായിരത്തോളം ജീവനക്കാർ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി വിരമിക്കുകയാണ്.1995 വർഷക്കാലത്ത് സർവ്വീസിൽ കയറിയ ജീവനക്കാരിൽ 60 ശതമാനത്തോളം ആളുകൾ 56 വയസ്സ് പൂർത്തിയാക്കി മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി വിരമിക്കും. 20 ശതമാനം ജീവനക്കാർ ഡിസംബർ മാസത്തിലും വിരമിക്കും. ബാക്കി വരുന്ന 20 ശതമാനം ജീവനക്കാർ 2025 ൽ സർവ്വീസിൽ നിന്നും വിരമിക്കേണ്ടതായി വരും. കേരളത്തിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നടത്തുന്ന ജീവനക്കാർ ആണ് ഇവർ. ഈ രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയുന്നതിന് വേണ്ടി നടത്തുന്ന പ്രവൃത്തിയിൽ നിന്നും പരിശീലനം ലഭിച്ച ജീവനക്കാർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് എം.എൽ.എ പറഞ്ഞു.
കോവിഡ് 19 രോഗ ലക്ഷണവുമായി വീടുകളിൽ 14 ദിവസം മുതൽ 28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളെ ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ഫോണിൽ വിളിച്ച് അവരുടെ രോഗ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ജില്ലകളിലുള്ള കൺട്രോൾ റൂമുകളിലേക്ക് അറിയിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ ഹെൽത്ത് സൂപ്പർവൈസർ വരെയുള്ളവരാണ് വിരമിച്ചത്. ഈ സാഹചര്യത്തിൽ ഇവരുടെ സേവനം 3 മാസത്തേക്ക് അല്ലെങ്കിൽ കോവിഡ് 19 ഭീതി പൂർണ്ണമായും വിട്ടു പോകുന്നത് വരെയെങ്കിലും നമ്മുടെ സംസ്ഥാനത്തിന് ആവശ്യമാണ്. ഇങ്ങനെ നീട്ടി കിട്ടുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നത്തിന് ജില്ലകളിലെ ദേശിയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും പ്രോഗ്രാം ഓഫീസർമാർ വഴി നൽകാം. ഇങ്ങനെ ധാരാളം ജീവനക്കാർ ഇപ്പോൾ ദേശിയ ആരോഗ്യ ദൗത്യം വഴി ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ കോവിഡ് രോഗം പടരുന്നത് തടയുന്നതിൽ വിശ്രമില്ലാതെ പരിശ്രമം നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ കണക്കിലെടുത്ത് അടിയന്തിരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.