പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന പരിചരണം ആവശ്യമായ മണ്ഡലത്തിലെ കിടപ്പു രോഗികൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ഓക്സിജൻ കോൺസെന്ററേറ്ററുകളുടെ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു കടമയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. എന്താണ് സമൂഹത്തിൽ നടപ്പാക്കേണ്ട വികസനത്തിന്റെ മുൻഗണനക്രമം എന്നത് തീരുമാനിക്കുമ്പോൾ അതിൽ ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുന്നത് പ്രശംസനീയമാണ്. കഴിഞ്ഞ വർഷം വിതരണം ചെയ്ത ഒരു ഓക്സിജൻ കോൺസെന്ററേറ്റർ തന്റെ അയൽവാസിയായ കിടപ്പുരോഗിക്ക് പ്രയോജനം ചെയ്തത് അദ്ദേഹം അനുസ്മരിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ അനുവദിച്ചാണ് 22 ഓക്സിജൻ
കോൺസെന്ററേറ്ററുകൾ മണ്ഡലത്തിലെ 7 ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകിയത്. കഴിഞ്ഞ വർഷം 8.24 ലക്ഷം രൂപ ചെലവഴിച്ചു നൽകിയ 16 കോൺസെന്ററേറ്ററുകൾ 117 കിടപ്പുരോഗികൾക്ക് സഹായകരമായതായി അധ്യക്ഷ പ്രസംഗത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി സൂചിപ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന ഓക്സിജൻ സിലിണ്ടറുകൾ സാധാരണക്കാരായ രോഗികൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപം നൽകിയത്. തന്റെ ഭർത്താവിന്റെ ജീവൻ നിലനിർത്തുന്നതിനുള്ള ഒരു വീട്ടമ്മയുടെ അഭ്യർത്ഥനയാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നതിന് പ്രേരിപ്പിച്ചത്.
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്‌ണൻ, മുംതാസ് സി.കെ, വൈസ് പ്രസിഡന്റുമാരായ ജോജി ജേക്കബ്ബ്, മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം സലിം, എം.എ ഷാജി, കുഞ്ഞുമോൾ തങ്കപ്പൻ, രമ ബാബു, ജിഷ സോജൻ, സൗമിനി ബാബു, വൈസ് പ്രസിഡന്റുമാരായ ജോസ് വർഗീസ്, പ്രീതി ബിജു, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login