പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പുനരാരാംഭിക്കുമെന്ന് ഉറപ്പ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുൻകൈ എടുത്തു വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് നാളെ തന്നെ കിഫ്ബിയിൽ സമർപ്പിക്കും. തുടർന്ന് കിഫ്ബി അംഗീകാരം നൽകിയതിന് ശേഷം സപ്ലിമെന്ററി കരാർ ഒപ്പു വെച്ചു നിർമ്മാണം ആരംഭിക്കാമെന്നാണ് പൊതുമരാമത്ത് അധികൃതർ യോഗത്തിൽ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനെട്ടാം തിയതി തിരുവനന്തപുരത്ത് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം എബ്രാഹമുമായി എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് അവലോകന യോഗം ചേരുവാൻ തീരുമാനമായത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പദ്ധതി ഇത്രയും വൈകുന്നതിന് ഇടയാക്കിയതെന്ന് എംഎൽഎ യോഗത്തിൽ ആരോപിച്ചു. റോഡിലെ കുഴികൾ അടച്ചു സഞ്ചാരയോഗ്യമാക്കുന്നതിന് അനുവദിച്ച തുക പോലും ഉദ്യോഗസ്ഥ നിഷ്‌ക്രിയത്വം മൂലം പഴയിപ്പോയി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് പോലും തെറ്റായ രീതിയിൽ ആണ്.
കിഫ്ബി നടത്തിയ ഡ്രോൺ സർവ്വേയും വകുപ്പ് നടത്തിയ ടോട്ടൽ സ്റ്റേഷൻ സർവേയും തമ്മിൽ യോജിക്കുന്നില്ല. പദ്ധതിയുടെ ലെവൽസ് എടുക്കുന്ന പ്രാഥമിക കാര്യം പോലും പൊതുമരാമത്ത് വകുപ്പ് പൂർത്തികരിച്ചിട്ടില്ലെന്ന് എംഎൽഎ ആരോപിച്ചു. രണ്ടാഴ്ച കൂടി ലെവൽസ് എടുക്കുന്നതിന് വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. റിവൈസ്ഡ് എസ്റ്റിമേറ്റ് കിഫ്ബിയിൽ സമർപ്പിക്കുന്നതിന് നേരിട്ട് ഇടപ്പെട്ടിട്ടും ഉദ്യോഗസ്ഥ അലംഭാവം മൂലം മാസങ്ങൾ കഴിഞ്ഞിട്ടും അതിന് സാധിച്ചിട്ടില്ലെന്ന് എംഎൽഎ യോഗത്തിൽ ഉന്നയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് എട്ട് അവലോകന യോഗങ്ങളാണ് എംഎൽഎ ഓഫിസിൽ വിളിച്ചു ചേർത്തത്. കൂടാതെ കൊറോണ വ്യാപനം മൂലം ഓൺലൈൻ ആയും പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. ഇവിടെ കലുങ്കുകളും കാനകളും നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ നിർമ്മാണം ഇതുവരെ പൂർത്തികരിച്ചിട്ടില്ല. അതിന്റെ നടപടികളും പൂർത്തികരിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ കിഫ്ബിയുടെ നിബന്ധനകൾ മൂലം പൂർത്തിയായിട്ടില്ല. റോഡ് കയ്യേറ്റം സംബന്ധിച്ച സർവ്വേ നടപടികളും അവസാന ഘട്ടത്തിലാണ്. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. വൈദ്യുതി ബോർഡ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും പൂർത്തീകരിച്ചു കഴിഞ്ഞു. കരാറുകാരനും വാട്ടർ അതോറിറ്റിക്കും വൈദ്യുതി ബോർഡിനു നൽകേണ്ട തുക നൽകി കഴിഞ്ഞതായി കിഫ്ബി അറിയിച്ചു.
പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്നതും മൂവാറ്റുപുഴ, ആലുവ എന്നീ മണ്ഡലങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതുമായ റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കി പെരുമ്പാവൂർ ടൗണിൽ കൂടി പോകാതെ തന്നെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു റോഡാണ് 21 മാസമായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്. കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. കെ.എം എബ്രഹാം, അപ്രൈസൽ മാനേജർ ഷൈല, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ റജീന ബീവി എൻ.എ, അസി. എക്സി. എൻജിനിയർ ദേവകുമാർ, അസി. എൻജിനിയർ ശരിക എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.