പെരുമ്പാവൂർ: മേക്കാലടിയിൽ അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീഡിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (64 ) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവൺമെൻറ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന റാംസിംഗ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ 2 ന് രാത്രി 9 മണിയോടെയാണ് സംഭവം.
ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ കാണപ്പെട്ട റാംസിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരത്തിൽ മുറിവും ചതവും ഉണ്ടായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. വഴിയരികിൽ കിടക്കുകയായിരുന്ന റാംസിംഗിന്റെ ശരീരത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഇയാൾ ഒന്നു രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനടിയിൽ നിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനമോടിച്ചു പോയി.
ഫിംഗർ പ്രിൻറ്, സൈൻറിഫിക് ടീം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം തുടങ്ങിയവർ അന്വേഷണത്തിൽ പങ്കാളിയായി. എ.എസ്.പി അനുജ് പലിവാൽ, എസ് എച്ച് ഒ ബി.സന്തോഷ്, എസ് ഐ കെ.വി.ജയിംസ്, എ എസ് ഐ മാരായ അബ്ദുൾ സത്താർ, ജോഷി.എം.തോമസ്, എസ് സി പി ഒ മാരായ അനിൽ കുമാർ, എ.വി.പ്രിൻസ്, മനോജ് കുമാർ, ജയന്തി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.