പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂൽ ചിറ ഭാഗത്ത് നിർമ്മിച്ച പാലത്തിന്റെ ഉദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരിയാർ വാലി ലൊ ലെവൽ കനാലിന്റെ കുറുകെ നിർമ്മിച്ച പാലത്തിന് കഴിഞ്ഞ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 23.70 ലക്ഷം രൂപയാണ് അനുവദിച്ചത്. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നിന്ന് തായ്ക്കരചിറ ഭാഗത്തേക്ക് വരുന്നതിന് ഏകദേശം ഇരുനൂറ്റിയൻപതോളം കുടുംബങ്ങൾക്ക് പാലം പ്രയോജനം ചെയ്യും. മഴവെള്ളം പോകുന്നതിന് കനാലിന് കുറുകെ പെരിയാർ വാലി നിർമ്മിച്ച ചാനലിന് മുകളിൽ ഇട്ട സ്ലാബിലൂടെയാണ് ജനങ്ങൾ വർഷങ്ങളായി പാലം കടക്കുന്നത്.
പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എംഎൽഎ പറഞ്ഞു. 11 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.പി അജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വറുഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീന ഗോപിനാഥ്, അംബികാ മുരളീധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോയി പൂണേലി, മാത്യൂസ് തരകൻ, മിനി ജോയി, കെ.വി ജെയ്‌സൺ, രാജൻ വർഗീസ്, ലൈജു തോമസ്, ഐസക് തുരുത്തിയിൽ, കെ.വി ഷാ, ജിജോ മറ്റത്തിൽ, കെ.വി എൽദോ എന്നിവർ സംസാരിച്ചു.