പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ലൈബ്രററി ബ്ലോക്കും ആഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയതായി നിർമ്മിക്കുന്നത്.
ലൈബ്രറി, ബുക്ക് ബാങ്ക്, ഡിജിറ്റൽ ലൈബ്രറി, റഫറൻസ് കോർണർ, ലോക്കർ, കൗണ്ടർ എന്നിവയാണ് അഡ്മിനിസ്ട്രേറ്റിവ് ലൈബ്രററി ബ്ലോക്കിന്റെ താഴത്തെ നിലയിൽ വരുന്നത്. പരീക്ഷ വിഭാഗം സെൽ, പ്രിൻസിപ്പാൾ ഓഫിസ്, എല്ലാവർക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സ്ഥലം, ഓഫിസ്, ഫയൽ മുറി, സ്റ്റോർ മുറി, രണ്ട് നിലകളിലും ശുചിമുറി സൗകര്യം എന്നിവ രണ്ടാമത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 820 പേർക്ക് ഇരിക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഡിറ്റോറിയം ആണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. ഭൂഗർഭ ജലസംഭരണി, ഓവർ ഹെഡ് ജലസംഭരണി, ശുദ്ധജലവിതരണത്തിനുള്ള സൗകര്യം, അഗ്നി രക്ഷ സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
6.15 കോടി രൂപ അനുവദിച്ച മെക്കാനിക്കൽ ബ്ലോക്കിന്റെ നിർമ്മാണം കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ പൂർത്തികരിച്ചിരുന്നു. പുതിയ ഇലക്ട്രോണിക് ബ്ലോക്ക് നിർമ്മാണത്തിനായി 5 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ മണ്ണ് പരിശോധന പൂർത്തിയായി. രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബിലേക്ക് 50 ലാപ്പ്ടോപ്പുകളും നൽകിയതുൾപ്പെടെ 20.91 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പെരുമ്പാവൂർ സർക്കാർ പൊളിടെക്നിക്ക് കോളേജിൽ നടപ്പിലാക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
കിറ്റ്കോ ആണ് പദ്ധതി തയ്യാറാക്കിയതും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതും.
ഫോട്ടോ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ.