പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിവേദനം നൽകി. 1952 ല്‍ ഡിസ്പെന്‍സറിയായി പ്രവർത്തനമാരംഭിച്ച, ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്നതായ പെരുമ്പാവൂർ ഗവ. താലൂക്ക് ആശുപത്രി കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്.
കാലാകാലങ്ങളില്‍ ആശുപത്രിയില്‍ നാമമാത്രമായ അറ്റകുറ്റപ്പണികൾ ചെയ്ത് നാളിതുവരെ പ്രവര്‍ത്തനം മുന്നോട്ട്കൊണ്ടു പോയതിന്റെ അടിസ്ഥാനത്തില്‍ വേറെ വികസന പ്രവര്‍ത്തികള്‍ ഒന്നും തന്നെ നടന്നിട്ടില്ല . ആയതിനാല്‍ ആധുനിക രീതിയില്‍ ഉള്ള ഒരു പുതിയ ആശുപത്രി സമുച്ചയം തന്നെ നിര്‍മ്മിക്കാതെ നിവൃത്തിയില്ല. കോവിഡ് മഹാമാരി മൂലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി നവീകരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് പെരുമ്പാവൂര്‍ ഗവ. താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി എംഎൽഎ എൽദോസ് കുന്നപ്പിള്ളി കൈമാറി.