പെരുമ്പാവൂർ : മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ് (46) നെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻറ് സൈക്കോ ട്രോപിക്ക് സബ്സ്റ്റൻസസ് ആക്ട് (പിറ്റ് എൻ ഡി പി.എസ് ആക്ട്) പ്രകാരം കരുതൽ തടങ്കലിലാക്കിയത്. മയക്ക്മരുന്ന് കടത്തും വിപണനവും നടത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. രണ്ട് കേസുകൾ ശിക്ഷിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വിചാരണാഘട്ടത്തിലുമാണ്. ജില്ലയിൽ ആദ്യമായാണ് ഒരാളെ മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.
