പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു എംഎൽഎ ഓഫിസിൽ വെച്ച് ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എംഎൽഎ. പദ്ധതിയുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന വരുന്ന ചൊവ്വാഴ്ച്ച നടത്തും. മുടിക്കൽ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് ഫീഡറുകളിലായി കേബിളുകൾ സ്ഥാപിക്കും. ആലുവ മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം മുതൽ യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയാണ് ഒന്നാമത്തെ കേബിൾ സ്ഥാപിക്കുന്നത്. സീമാസ് മുതൽ കുഴിപ്പിള്ളിക്കാവ് വഴി എം.സി റോഡിലൂടെ കിച്ചൻ മാർട്ട് പരിസരം വഴി ഔഷധി ജംഗ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തെ കേബിൾ സ്ഥാപിക്കുന്നത്.
വൈദ്യുതി പദ്ധതിയിൽ അനുവദിച്ച 20 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ദ്യുതി പദ്ധതിയിൽ പ്രവൃത്തികൾ അനുവദിക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് കോടി രൂപയോളമാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന് വശത്ത് കൂടി കേബിളുകൾ സ്ഥാപയ്ക്കുന്നതിന് എച്ച്. ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മറ്റു നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ പറഞ്ഞു.