പെരുമ്പാവൂർ : റയോൺപുരം പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് 2.57 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പതിനെട്ട് മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് പാലം പുനർ നിർമ്മിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ ഒരു വശത്ത് നടപ്പാതയോടെയാണ് പാലം നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അപകടാവസ്ഥയിലായ പാലങ്ങൾ പുനർ നിർമ്മിക്കുന്ന 168 പാലങ്ങളുടെ പട്ടികയിൽ റയോൺപുരം പാലത്തെയും സർക്കാർ ഉൾപ്പെടുത്തിയിരുന്നു.
വല്ലം നിവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാലം എന്നതിനപ്പുറം നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോൾ ഈ പാലം ഉപയോഗപ്പെടുത്തി വല്ലം, ചൂണ്ടി ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നു. അൻപത് വർഷത്തിന് മേൽ പഴക്കമുള്ള ഒരു പ്രധാന പാലമാണ് റയോൺപുരം പാലം. നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി മോഹനൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, കൗൺസിലർമാർ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.