പെരുമ്പാവൂർ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു (29) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധ നിയമപ്രകാരമുള്ള കേസ്സ്, കവര്‍ച്ച, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. 2020 നവംബറില്‍ ലാലുവിനെ ആറുമാസം കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ 2021 നവംബര്‍ മാസം കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 35 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്, 31 പേരെ നാട് കടത്തുകയും ചെയ്തു. എറണാകുളം റൂറല്‍ ജില്ലയില്‍ സ്ഥിരം കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ഉണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.