പെരുമ്പാവൂർ : നഗരമധ്യത്തിൽ കുട്ടികൾക്ക് വിനോദത്തിനായി പാർക്ക് ഒരുങ്ങുന്നു. പട്ടാൽ പ്രദേശത്ത് പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലത്താണ് പുതിയ പാർക്ക് നിർമ്മിക്കുന്ന പാർക്കിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 27 സെന്റ് സ്ഥലത്ത് നാശവസ്ഥയിലായ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. ഇതിന്റെ സാങ്കേതിക്കാനുമതി ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദത്തിനും വിശ്രമത്തിനുമായി പാർക്ക് ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ പാർക്ക് ഉപയോഗ്യ ശൂന്യമായി.
വർഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ പാർക്ക് നവീകരിച്ചു പൊതു ജനങ്ങൾക്ക് ഉപയോഗിക്കുവാൻ തുറന്ന് നൽകണം എന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ ബിജു ജോൺ ജേക്കബ്ബ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ പദ്ധതിക്കായി തുക അനുവദിക്കുകയായിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പുനർ നിർമ്മിതിയുടെ ചുമതല നൽകിയിരിക്കുന്നത്. നിർമ്മാണം പൂർത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർ വാലിക്ക് ആയിരിക്കും. കുട്ടികൾക്കുള്ള വിനോദോപകരങ്ങൾ, ശുചിമുറികൾ, കഫേറ്റിരിയ, മനോഹരമായ കവാടം, പാർക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിർമ്മാണം, ലൈറ്റുകൾ എന്നിവയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതിൽ ബാലപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നത്.