പെരുമ്പാവൂർ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും അക്കാദമിക്ക് ബ്ലോക്കുകൾ അനുവദിച്ച 8 വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തികരിച്ച കൊമ്പനാട് ഗവ. യു.പി സ്‌കൂളിനും ഉൾപ്പെടെ 9 വിദ്യാലയങ്ങൾക്കാണ് ആധുനിക ഫർണ്ണിച്ചറുകൾ നൽകുന്നത്. വാണിയപ്പിള്ളി ഗവ. എൽ.പി സ്‌കൂളിൽ അനുവദിച്ച ഫർണ്ണിച്ചറുകളുടെ വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ 9 വിദ്യാലയങ്ങളിൽ സ്മാർട്ട് പെരുമ്പാവൂർ പദ്ധതി പ്രകാരമാണ് ഫർണിച്ചറുകൾ നൽകിയത്. 42.30 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. വാണിയപ്പിള്ളി സ്‌കൂളിൽ 80 ഫർണിച്ചറുകൾ നൽകി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പോൾ കെ.പോൾ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, കെ.ജെ മാത്യു, ജോസ് എ. പോൾ, വിപിൻ പരമേശ്വരൻ, ബിന്ദു ഉണ്ണി, വത്സ വേലായുധൻ, ഡോളി മത്തായികുടി, രജിത ജെയ്മോൻ, അഡ്വ. ജോബി മാത്യു, പി.എസ് സുനിത്, നീലകണ്ഠൻ ഇളയത്, ഹെഡ്മിസ്ട്രസ് ദൻഷ, ബിജു ടി.കെ എന്നിവർ സംസാരിച്ചു.
വിദ്യാലയങ്ങൾക്ക് അനുവദിച്ച കെട്ടിടങ്ങൾ നിർമ്മാണം പൂർത്തികരിക്കുമ്പോൾ നേരിടുന്ന മികച്ച ഫർണ്ണിച്ചറുകളുടെ അഭവത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ആധുനിക ഫർണ്ണിച്ചറുകൾ കൂടി എത്തുന്നതോടെ മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറും. 1367 ഫർണ്ണിച്ചറുകളാണ് പദ്ധതി പ്രകാരം അനുവദിച്ചത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായി വരുന്ന മുഴുവൻ ഫർണ്ണിച്ചറുകളും പദ്ധതി പ്രകാരം നൽകി. 9 വിദ്യാലയങ്ങളിലെ 37 ക്ലാസ് മുറികൾ ഇത് പ്രകാരം ഹൈടെക്ക് ക്ലാസ് മുറികൾ ആയി മാറുകയാണ്.
കൊമ്പനാട് ഗവ. യു.പി സ്‌കൂൾ 204 എണ്ണം, വേങ്ങൂർ ഗവ. എൽ.പി സ്‌കൂൾ 166 എണ്ണം, ഗവ. എൽ.പി സ്‌കൂൾ പുല്ലുവഴി 197 എണ്ണം, വാണിയപ്പിള്ളി ഗവ. എൽ.പി സ്‌കൂൾ 80 എണ്ണം, കാഞ്ഞിരക്കാട് ഗവ. എൽ.പി സ്‌കൂൾ 23 എണ്ണം, വളയൻചിറങ്ങറ ഗവ. എൽ.പി സ്‌കൂൾ 235 എണ്ണം, കീഴില്ലം ഗവ. യു.പി സ്‌കൂൾ 73 എണ്ണം, ഗവ. യു.പി സ്‌കൂൾ പുഴുക്കാട് – 72 എണ്ണം, ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ 317 എണ്ണം എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം ഫർണ്ണിച്ചറുകൾ അനുവദിച്ചത്. അധ്യാപകർക്കുള്ള 74 ഫർണ്ണിച്ചറുകളും വിദ്യാർഥികൾക്കുള്ള 1233 ഫർണ്ണിച്ചറുകളും ആണ് വിദ്യാലയങ്ങൾക്ക് നൽകിയത്. വിദ്യാർത്ഥികൾക്ക് 391 ഡെസ്‌ക്കുകളും 782 കസേരകളും ആണ് നൽകിയത്. അധ്യാപകർക്കുള്ള 37 ഡെസ്‌ക്കുകളും 37 കസേരകളും ഇതോടൊപ്പം ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള 120 ഫർണ്ണിച്ചറുകളും വിതരണം ചെയ്തു.