കോതമംഗലം: വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ അമാന ആശുപത്രി മുൻ ജനറൽ മാനേജർഎൻ. അബ്ദുൽ റഹ്‌മാൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് രാത്രിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലിസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികൾ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പൊലിസ് എടുത്തിയിരുന്നു.കേസിൽ നിർണായകമായ വിവരങ്ങളടങ്ങുന്ന മൊഴികളാണ് പൊലിസിന് കുടുംബം നൽകിയത്.ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാന്റെ മാനസിക പീഢനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയർന്നു.സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ അബ്ദുൽറഹ്‌മാൻ ഒളിവിൽ പോയിരുന്നു.ഇതോടെ നഴ്‌സുമാരുടെ സംഘടനകളും വിവിധ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുൽറഹ്‌മാനെതിരേ നഴ്‌സുമാരും സംഘടനകളും പൊലിസിൽ പരാതി നൽകി.
അമീനയുടെ വീട്ടിലെത്തിയ കോതമംഗലം എം എൽ എ ആന്റണി ജോണിന് കുടുംബം പരാതി കൈമാറുകയായിരുന്നു. അമീനയുടെ മരണം ആത്മഹത്യയാണെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എന്നാൽ അമീന ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്നും ആശുപത്രി മാനേജർ അബ്ദുൾ റഹ്മാൻ എന്നയാളുടെ നിരന്തരമായ മാനസീക പീഢനമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പിന്റെ സർട്ടിഫിക്കറ്റ് നൽകില്ലെന്നും മാനേജർ അമീനയോട് പറഞ്ഞിരുന്നു. മാസം വെറും 3000 രൂപയെന്ന തുച്ചമായ വേതനത്തിനാണ് അമീന ഇവിടെ രണ്ടരവർഷക്കാലമായി ജോലിചെയ്തിരുന്നത്. അമീനയുടെ കുടുംത്തിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും എം എൽ എ കുടുംബത്തിന് ഉറപ്പുനൽകി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഹാരിസ് മണലുംപാറ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
ഇതോടെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ കേസ് ഏറ്റെടുക്കുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽറഹ്‌മാൻ ചൊവ്വാഴ്ച അറസ്റ്റിലാകുന്നതും. മലപ്പുറം ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് ഐ.പി. എ.സിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ. എസ്.പി പ്രേമാനന്ദ കൃഷ്ണൻ, കുറ്റിപ്പുറം പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ നൗഫൽ കെ, കുറ്റിപ്പുറം എസ്.ഐ ഗിരി എന്നിവരുട നേതൃത്വത്തിൽ എസ്.ഐ നവീൻ, തിരൂർ ഡാൻസാഫ് ടിം അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, കുറ്റിപ്പുറം സ്റ്റേഷനിലെ സുധാകരൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ സനീഷ്,ഷെറിൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ റഹ്മാൻ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്ററ്റഡിയിലെടുത്തു.ഇന്നലെ കോടതിയിൽ ഹാജരാക്കിയ അബ്ദുൽറഹ്‌മാനെ റിമാൻ്റ് ചെയ്തു.
ഫോട്ടോ: പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ
കുറ്റിപ്പുറം അമാന ആശുപത്രി ജനറൽ മാനേജർ
അബ്ദുൽറഹ്‌മാൻ പൊലിസ് കസ്റ്റഡിയിൽ
