കോതമംഗലം : വൈകല്യങ്ങളെ കരളുറപ്പുകൊണ്ട് പൊരുതി തോൽപ്പിക്കുകയാണ് അതിഥി തൊഴിലാളിയുടെ മകൾ. ഇരുകൈയ്യും കാലുകളും അംഗപരിമിതിയിൽ വിഷമിക്കുമ്പോഴും നസ്ബിൻ സുൽത്താന എന്ന കൊച്ചു മിടുക്കി വരയിലും പാട്ടിലും കഥയെഴുത്തിലും ശ്രദ്ധേയമാവുകയാണ്. പല്ലാരിമംഗലം ജിവിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ് പതിനൊന്നുകാരി നസ്ബിൻ. അംഗപരിമിതിയിൽ കൈകാലുകൾ വഴങ്ങാതിരിക്കുമ്പോഴും ചിത്രരചന ജീവനാണ് നസ്ബിന്. കുഞ്ഞുപെൻസിലും സ്‌കെച്ചു പേനയും ഉപയോഗിച്ച് നിറമുള്ള ചിത്രങ്ങളാണ് നെസ്ബിൻ വരക്കുന്നത്.
പരിമിതികൾക്കുള്ളിൽ നസ്ബിന്റെ വര അധ്യാപകരുടെ ഇടയിലും അത്ഭുതം സൃഷ്ടിക്കുകയാണ്. പാട്ടും കഥയെഴുത്തുമായി പരിമിതികളെ അതിജീവിക്കുന്ന നസ്ബിന്റെ വരയിൽ പൂമ്പാറ്റ, പർവതങ്ങൾ, പക്ഷികൾ, വീട്, ഉദയസൂര്യൻ, കുട്ടിപ്പാവാടയിട്ട ബൊമ്മ, മയിൽപ്പീലി തുടങ്ങി നിറമുള്ള ചിത്രങ്ങളാണ്. വരച്ച ചിത്രങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിരത്തുമ്പോൾ ആഹ്ലാദവും ആത്മവിശ്വാസവും സമന്വയിച്ച നസ്ബിന്റെ മുഖത്ത് പുഞ്ചിരി വിരിയും.
ആസാം ഗുഹാത്തി നോവ്ഗവിൽ നിന്നും നാലുവർഷം മുമ്പ് കൂലിവേലക്ക് കേരളത്തിലെത്തിയതാണ് ഇവരുടെ കുടുംബം. ഹുസൈൻ അലിയുടെയും ജെലഹ കതന്റെയും മകളാണ് വൈകല്യങ്ങളെ തോൽപ്പിച്ച ഈ കൊച്ചുമിടുക്കി. മാഹിനുദ്ദീൻ, ഷഹനാസ്, ഷഹലം എന്നിവർ സഹോദരങ്ങളാണ്. എല്ലാവരും പല്ലാരിമംഗലം അടിവാട് തെക്കേക്കവലയിൽ വാടകക്കാണ് താമസം.