കോതമംഗലം: മനുഷ്യൻ ആകാനുള്ള നിരന്തര ശ്രമത്തിന്റെ പേരാണ് സർഗക്രിയ എന്ന് സുഭാഷ് ചന്ദ്രൻ. അടിവാട് മലയാളം സാമൂഹ്യ സാംസ്കാരിക വേദിയുടെ പുസ്തകോത്സവത്തിന്റെ സമാപനം കുറിച് നടന്ന സാംസ്കാരിക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനും ഇതര ജീവി ജാലങ്ങളും ഒരേ പ്രാണനാണ് കൊണ്ട് നടക്കുന്നതെന്ന അറിവാണ് ഒ. വി. വിജയൻ മുതൽ ഖസാൻദ്സാക്കിസ് വരെ പങ്ക് വെക്കുന്നത്. കല്പനാ ശക്തിയുള്ള എഴുത്തുകാരൻ, കല്പന മാത്രം പുറപ്പെടുവിക്കാൻ അറിയാവുന്ന അധികാരികളെ ക്രിയാത്മകമായി തിരുത്തുന്നതാണ് ശരിയായ സാംസ്കാരിക പ്രവർത്തനമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കും പാർശ്വവൽകൃതർക്കുമെതിരെ കളിയായി പോലും നടത്തുന്ന ഒച്ചകൾ വലിയ ദുരന്തങ്ങളായി മാറുമെന്ന് സുഭാഷ് ചന്ദ്രൻ ഓർമിപ്പിച്ചു. പ്രൊഫ. ഇബ്രാഹിം സലിം അധ്യക്ഷനായിരുന്നു. പി.റ്റി.ബിനു, കെ.കെ.അഷ്‌റഫ്, ഓ.എ.അനസ്, പി.എ.സിറാജ്, സുനി, കെ.എ.സിറാജ് എന്നിവർ സംസാരിച്ചു. തുടർന്ന് റാസയും ബീഗവും അവതരിപ്പിച്ച ‘ഗസൽ പൂക്കുന്നിടം ‘ എന്ന പരിപാടിയും അരങ്ങേറി. പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദം പെയ്ത സ്വര മാധുരി നാടിനു നവ്യാനുഭവമായിരുന്നു.
You must be logged in to post a comment Login