കവളങ്ങാട്: കോതമംഗലം താലൂക്കിലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള റീ സര്‍വേ പല്ലാരിമംഗലം പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ പെടുത്തി ‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ’ എന്ന പദ്ധതിയുടെ ഭാഗമായാണ് സര്‍വേ. പല്ലാരിമംഗലം ദാറുല്‍ ഇസ്‌ലാം മസ്ജിദിന്റെ മുകളിലായിരുന്നു ഡ്രോണ്‍ സര്‍വേക്ക് തുടക്കം. രാജഭരണ കാലത്ത് നടത്തിയ സര്‍വേക്ക് ശേഷം നടക്കുന്ന ഈ സര്‍വേ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാമിത്ത മിഷന്‍ പദ്ധതിയില്‍ പെടുത്തി വില്ലേജിന്റെ 20 ശതമാനം ഭാഗത്ത് ഡ്രോണ്‍ ഉപയോഗിച്ച് ഡീ മാര്‍കേഷന്‍ സര്‍വേയും ബാക്കി 80 ശതമാനം ഭാഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഫണ്ട് ഉപയോഗിച്ച് ആര്‍ടികെ, ഇടിഎസ് സംവിധാനത്തിലൂടെയുമാണ് സര്‍വേ പൂര്‍ത്തീകരിക്കുന്നത്. ഒാരോ വില്ലേജിലും നാലര മാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാകും. റീ സര്‍വേ പൂര്‍ത്തീകരിച്ച ശേഷം രേഖകള്‍ സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും പ്രത്യേകം തിരിക്കും. തുടര്‍ന്ന് നിലവിലുള്ള റവന്യൂ റിലീസ് സോഫ്ട്‌വെയറുമായി ബന്ധപ്പെടുത്തും. സര്‍വേ റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പുമായി സോഫ്ട്‌വെയര്‍ ഇന്ററേപ്റ്റ് ചെയ്ത് ഒരു പോര്‍ട്ടില്‍ മൂന്ന് വകുപ്പുകളെയും ഏകോപിപ്പിക്കും. തുടര്‍ന്ന് ഈ മൂന്ന് വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധം സജ്ജീകരിക്കും.
ഡ്രോണ്‍ സര്‍വേക്ക് തൃക്കാക്കര റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എ എ രാജന്‍, ആലുവ റീസര്‍വേ സൂപ്രണ്ട് സി എ ജെല്ലി, പല്ലാരിമംഗലം ദാറുല്‍ ഇസ്‌ലാം മസ്ജിദ് സെക്രട്ടറി ടി ഇ അലി, ഇമാം സുബൈര്‍ ബാഖവി, എം എസ് മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.
