കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും, വേനൽക്കാലത്തുണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു വേണ്ടി 2 കോടി 8 ലക്ഷം രൂപയുടെ രൂപരേഖ തയ്യാറാക്കിയതായി ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി, കവളങ്ങാട്, പല്ലാരിമംഗലം അടക്കമുള്ള പഞ്ചായത്തുകളിലേയും കോതമംഗലം മുൻസിപ്പാലിറ്റിയിലെയും കുടിവെള്ള ക്ഷാമത്തിനും വേനൽക്കാലത്തുണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കടുത്ത വേനൽ ആരംഭിക്കുന്നതിനു മുൻപെ തന്നെ വിവിധ പഞ്ചായത്തുകളിലും,മുൻസിപ്പൽ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും, വരൾച്ചയും നേരിടുന്നത് എംഎൽഎ ബഹു: മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി സിവിൽ,മെക്കാനിക്കൽ വിഭാഗങ്ങൾ തയ്യാറാക്കി നൽകിയിട്ടുള്ള എസ്റ്റിമേറ്റിൽ തുടർ നടപടികൾ വേഗത്തിലാക്കി പ്രസ്തുത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 1983 കാലത്ത് കേരള ജല അതോറിറ്റി നടപ്പിലാക്കിയതാണെന്നും ആയത് ഇന്ന് പ്രവർത്തനക്ഷമമല്ലെന്നും ബഹു: മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 07.11.2019 ൽ ബഹു: ജലവിഭവ വകുപ്പു മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനപ്രകാരം 18/11/2019 ൽ ഇറിഗേഷൻ വകുപ്പിലെ സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പ്രസ്തുത പദ്ധതി പ്രദേശം സന്ദർശിച്ചതായും പഴയ മോട്ടോർ പുരയിലുള്ള മോട്ടോറും അനുബന്ധ ഉപകരണങ്ങളും പ്രളയത്തിലെ പൂഴിയാൽ മൂടപ്പെട്ട് കെട്ടിടം കാട് കയറി നശിച്ച അവസ്ഥയിലാണെന്നും കാട് തെളിച്ച് മണ്ണ് മാറ്റി പരിശോധന നടത്തിയതിൽ നിന്നും നിലവിലുള്ള മോട്ടോർ,പമ്പ്,സക്ഷൻ,ഡെലിവറി പൈപ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും മാറ്റേണ്ടതായിട്ടുള്ളതിനാൽ ആ പ്രവർത്തികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും,ടി എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം കോതമംഗലം മുനിസിപ്പാലിറ്റിക്കും,വാരപ്പെട്ടി പഞ്ചായത്തിനും ഏകദേശം 15 എം എൽ ഡി ജലം ആവശ്യമുണ്ടെന്ന് 21/01/2020 ലെ ജല അതോറിറ്റി പി എച്ച് ഡിവിഷൻ കോതമംഗലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്ത് പ്രകാരം അറിയിച്ചിട്ടുണ്ടെന്നും ഈ ആവശ്യകത നിറവേറ്റുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി വരുന്നതായും ബഹു: മന്ത്രി പറഞ്ഞു.പമ്പിന്റെയും മോട്ടോറിന്റെയും എസ്റ്റിമേറ്റ് 1.06 കോടി മെക്കാനിക്കൽ വിഭാഗം തയ്യാറാക്കിയതായും,ഇലക്ട്രിക്കൽ പ്രവർത്തികൾക്കുള്ള പ്രൊവിഷൻസ് അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മോട്ടോർ പുരയുടെ നിർമ്മാണത്തിനും, അനുബന്ധ പ്രവർത്തികൾക്കുമായി 1.02 കോടി രൂപയുടെ എസ്റ്റിമേറ്റ് സിവിൽ വിഭാഗവും തയ്യാറാക്കിയതായും ആകെ 2 കോടി 8 ലക്ഷം രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് ചീഫ് എൻജിനീയർ(ജലസേചനവും ഭരണവും)തയ്യാറാക്കിയിട്ടുണ്ടെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login