കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്‌കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്‌കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
