കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം ഓവറോള്‍ ചാമ്പ്യന്മാരായി. കുമാരഗുരു ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വിഭാഗത്തിലാണ് ടീം ഈ നേട്ടം കൈവരിച്ചത്.
ആക്‌സിലറേഷന്‍, എന്‍ഡുറന്‍സ്, ഓട്ടോക്രോസ്, ബെസ്റ്റ് ഡിസൈന്‍ മോഡല്‍ എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എം എ എന്‍ജിനീയറിങ് കോളേജ് കരസ്ഥമാക്കി. ടീം ഇന്‍ഫെര്‍നോ ക്യാപ്റ്റന്‍ കൃഷ്ണപ്രിയ കെ.എസ്, ടീം മാനേജര്‍ രേവ എന്നിവരുടെ നേതൃത്വത്തില്‍ 30 പേര്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ പ്രയത്‌നമാണ് ഈ വിജയം കരസ്ഥമാക്കിയത്.
വിദ്യാര്‍ത്ഥികളേയും, ഉപദേശകരായ ഡോ. ജോര്‍ജ്ജ്കുട്ടി എസ്. മംഗലത്ത്, ഡോ. ബിജു ചെറിയാന്‍ എബ്രഹാം എന്നിവരേയും മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, ഡീന്‍ ഡോ. ബിജു ബി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എല്‍ദോസ് പോള്‍ എന്നിവര്‍ അഭിനന്ദിച്ചു.