കോതമംഗലം : യേശുക്രിസ്തു രാജകീയമായി യെരുശലേം പ്രവേശിച്ചതിൻ്റെ ഓർമ്മയിൽ ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ശുശ്രുഷകളിൽ പങ്കു കൊണ്ടു . യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിൻ്റെ പ്രത്യേക ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഓശാന ശുശ്രൂഷകൾ കോതമംഗലത്ത് നടന്നു.
കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ നടന്ന ഓശാന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബെസി കൗങ്ങുംപിള്ളി സഹകാർമികനായി. തുടർന്നുള്ള ദിവസങളിലെ ശുശ്രൂഷകൾക്കും ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികനാകും.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദൈവാലയങ്ങൾ വിശുദ്ധവാര ശുശ്രൂഷകൾക്ക് കൂടുതൽ സജീവമാകും. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.