കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 297000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ് യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ സൈ – ഹണ്ടുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 43 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിൽ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ 4 പേർ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിശോധന നടത്തിയത്. തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും, എ റ്റി എം കാർഡു വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും, വിൽപ്പന നടത്തിയവരെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ 5 സബ് ഡിവിഷനുകളിലായി മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കാളികളായി. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വാടകയ്ക്ക് നൽകുന്നതും, വിൽക്കുന്നതും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നതും സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഉണ്ടാകണമെന്ന് എസ് പി പറഞ്ഞു. ഡി സി ആർ ബി ഡി വൈ എസ് പി ഡോ.ആർ.ജോസ്, സൈബർ പോലീസ് ഇൻസ്പെക്ടർ വി.ആർ ജഗദീഷ് എന്നിവർ പരിശോധനകൾ ഏകോപിപ്പിച്ചു.


























































