കോതമംഗലം : കൃഷി വകുപ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ വിപണി ആരംഭിച്ചു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കികൊണ്ട് നേരിട്ട് സംഭരിച്ച്, വില കുറച്ച് വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാലു ദിവസം നീണ്ട് നിൽക്കുന്ന ഓണച്ചന്ത ആരംഭിച്ചത്. കോതമംഗലം തങ്കളം ബൈപാസ്സിൽ ആരംഭിച്ച ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ മോൾ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,സാലി ഐപ്,മെമ്പർമാരായ ഡയാന നോബി,അനു വിജയനാഥ്, കെ.കെ ഗോപി, ആനിസ് ഫ്രാൻസിസ്, പി.കെകുഞ്ഞുമോൻ, എം.എ മുഹമ്മദ്,ലിസ്സി ജോസഫ്, പി. എം കണ്ണൻ, ആഷ ജയിംസ്, കെ. എച്ച് നാസർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
പത്തു ശതമാനം വില അധികം നൽകിയാണ് കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുക. വിപണി വിലയെക്കാൾ മുപ്പത് ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ബ്ലോക്കിലെ 12 വിപണികളിലും കോതമംഗലത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടാതെ വട്ടവടയിലെ ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.