കോതമംഗലം : സഭാതർക്കത്തിൽ ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോതമംഗലത്ത് മതസൗഹാർദ്ദ സദസ്സ് നടത്തും. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ശനിയാഴ്ച മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത സൗഹാർദ സദസ്സ് കോതമംഗലം ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 4:00 മണിക്ക് സംഘടിപ്പിക്കുമെന്ന് മതമൈത്രി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. നിയമ നടപടികളിലൂടെയും കോടതി വ്യവഹാരങ്ങളിലൂടെയും ഇരുവി ഭാഗങ്ങളായി തിരിഞ്ഞു നേർക്കുനേർ പൊരുതുന്ന സന്ദർഭം ഉന്നതമായ ആത്മീയതയെ തന്നെ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുക.
ആത്മീയ കേന്ദ്രങ്ങളായ ദൈവാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നാടിന്റെയും ദേശത്തിന്റെയും ചൈതന്യത്തിനും പുരോഗതിക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും ഏറ്റവും അഭികാമ്യമായ നിർദ്ദേശമാണ് നിയമ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഇതര ക്രൈസ്തവ മത വി ഭാഗങ്ങൾ ഉൾപ്പെടെ സമസ്ത വിഭാഗം ഈശ്വര- മതവിശ്വാസികളും ബഹുജനങ്ങളും നിയമ പരിഷ്കാര കമ്മീഷന്റെ ശുപാർശകളെ പിന്തുണയ്ക്കണമെന്നും മുന്നോട്ടുവരണമെന്നും അതുവഴി നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മതമൈത്രി നേതാക്കൾ അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്, കൺവീനർ കെ. എ നൗഷാദ് , സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് രാജൻ, മുൻമന്ത്രി ടി യു കുരുവിള, അഡ്വക്കേറ്റ് മാത്യു ജോസഫ്, ബാബുപോൾ, ഇ. കെ സേവിയർ, ഡോ. ലിസി ജോസ്, എ. റ്റി പൗലോസ്, ബിനോയ് മണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു.