കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കനാലിലൂടെ പ്രദേശത്തേക്ക് ഒരു തുള്ളി വെള്ളം എത്തിയിട്ടില്ല. അതേസമയം പിണ്ടിമന പഞ്ചായത്തിന്റെ അതിര്‍ത്തിവരെ വെള്ളം എത്തുകയും ചെയ്യും.
രണ്ടു പഞ്ചായത്തുകളും തമ്മിലുള്ള വേര്‍തിരിവ് പ്രദേശത്ത് കനാല്‍ കാണുന്നവര്‍ക്ക് വ്യക്തമാകും. കാടുമൂടിയ ഭാഗം കോട്ടപ്പടി പഞ്ചായത്തും മറുഭാഗം പിണ്ടിമന പഞ്ചായത്തും. അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് ഇവിടേക്ക് വെള്ളം ഒഴുകിയെത്താത്തത്.കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പെരിയാര്‍വാലിയും കോട്ടപ്പടി പഞ്ചായത്തും ഇതിന് നടപടിയെടുക്കാത്തതാണ് പ്രശ്‌നം.
























































