പെരുമ്പാവൂർ: ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ. നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂർ മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ നവംബറിൽ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു.
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയൻ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നൽകിയത് ഇയാളാണ്. 2016 ൽ ആണ് റെമിജുസ് മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നൽകാത്തതിനാൽ അനധികൃതമായി ബാംഗ്ലൂരിൽ തങ്ങുകയായിരുന്നു. ഇതിനിടയിൽ സ്റ്റുഡന്റ് വിസയിൽ ഭാര്യയും നാട്ടിലെത്തി. മയക്കുമരുന്ന് ആവശ്യക്കാർ ബാംഗ്ലൂരിൽ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവിൽ കിലോമീറ്ററുകൾ അകലെയെത്തിച്ചാണ് വിൽപ്പന. ഹെൽമറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാൻ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ൽ മയക്കുമരുന്ന് കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ പി.എം ബൈജു , എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിൻ, അജിത് കുമാർ, മിഥുൻ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, സി.ഐ പി.എം ബൈജു , എസ്.ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.