കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ബഹു:ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു.ഭൂതത്താൻകെട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം നാടിനായി സമർപ്പിച്ചത്. ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
അഡ്വ.ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി.മുൻ എംഎൽഎ ടി യു കുരുവിള,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി പൗലോസ്,വാർഡ് മെമ്പർമാരായ ബിജു പി നായർ, നോബിൾ ജോസഫ്,ചീഫ് എഞ്ചിനീയർ അലക്സ് വർഗീസ്,സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സുപ്രഭ എൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകല സി കെ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ സി പി ഐ എം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ,സി പി ഐ മണ്ഡലം സെക്രട്ടറി എം കെ രാമചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
2016 ഒക്ടോബറിൽ ബഹു:മന്ത്രി മാത്യു ടി തോമസ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച പാലം 2018,19 വർഷങ്ങളിൽ ഉണ്ടായ രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഭൂതത്താൻകെട്ടിൻ്റെ മുഖ്യ ആകർഷണമായ ഗാർഡൻ്റെ സ്ഥലം മുറിഞ്ഞ് പോകാത്ത രീതിയിൽ 14 സ്പാനുകളും 296 മീറ്റർ നീളവും,11 മീറ്റർ വീതിയിലും 19.95 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്.