കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും സര്‍ക്കാരും ബന്ധപ്പെട്ടവരും അറിയാതെയാണോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും നിലപാട് എടുക്കുന്നതും സത്യവാങ്മൂലം നല്‍കുന്നതും എന്ന് അറിയുവാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. വനംവകുപ്പ് അധികൃതരുടെയും കപട പരിസ്ഥിതിവാദികളുടെയും ഗൂഢ നീക്കവും രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസംഗതയുമാണ് ഉദ്യോഗസ്ഥര്‍ തോന്നിയവാസം കാണിക്കാന്‍ സാഹചര്യം ഒരുക്കുന്നത്.
ദേശീയപാതയുടെ ഇരുവശവും ആകെ നൂറടി വീതിയില്‍ വനം വകുപ്പിന് അധികാരമില്ലെന്നും ഇത് റവന്യൂ ഭൂമിയാണെന്നുമുള്ള മുന്‍ കോടതി ഉത്തരവ് മറച്ചുവച്ചുകൊണ്ട് അപൂര്‍ണമായ സത്യവാങ്മൂലമാണ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനാലാണ് ഈ കോടതിവിധി എതിരായി തീര്‍ന്നത്. ജനപക്ഷത്തു നിന്നുകൊണ്ടുള്ള മനുഷ്യത്വപരമായ സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതെ വരുമ്പോള്‍ അവരെ തിരുത്തുവാനും നിലയ്ക്കു നിര്‍ത്തുവാനും ഭരണ നേതൃത്വം തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.
