കോതമംഗലം: നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രത്തിൻ്റെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 15-02-2021 തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്കുള്ള പരിശീലന കേന്ദ്രത്തിനോട് ചേർന്ന് രണ്ട് ഘട്ടമായിട്ടാണ് റസ്റ്റ് ഹൗസിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
45 വിശ്രമ മുറികളും 3 സ്യൂട്ട് മുറികളും ഉൾപ്പെടെ 4 നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആണ് റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീയാക്കിയത്.ആദ്യ ഘട്ട നിർമ്മാണത്തിന് 10 കോടി രൂപയും, രണ്ടാം ഘട്ട നിർമ്മാണത്തിനായി 4.34 കോടി രൂപയും അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കേരളത്തിൻ്റെ പ്രകൃതി ഭംഗിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന പുതിയ വിശ്രമ കേന്ദ്രം പൊതുമരാമത്ത് വകുപ്പിന് വലിയ മുതൽകൂട്ടാകുമെന്നും,റസ്റ്റ് ഹൗസ് 15-02-2021 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിക്കുമെന്നും
എം എൽ എ അറിയിച്ചു.