കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇപ്പോൾ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്.മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ റോഡിന് താഴെ ഭാഗത്ത് താമസിക്കുന്ന 32 കുടുംബങ്ങൾക്ക് അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിനു വേണ്ട നിർദേശം നൽകി. ഇവർക്കായി നേര്യമംഗലം ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
ആൻ്റണി ജോൺ എംഎൽഎ,ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ അമൃത വല്ലിയമ്മാൾ,ജില്ലാ ജിയോളജിസ്റ്റ് കെ കെ സജീവൻ, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ സുനിൽ മാത്യൂ,ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ അനീഷ് മോഹനൻ,ജോസ് ഉലഹന്നാൻ തുടങ്ങിയവർ പ്രസ്തുത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ ജിയോളജി സംഘവും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു എന്ന് ജിയോളജി സംഘം വ്യക്തമാക്കിയ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിതരായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറാകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.