കോതമംഗലം : നേര്യമംഗലം ഫയർ സ്റ്റേഷൻ ; നേര്യമംഗലത്തെ സാംസ്കാരിക നിലയത്തിന്റെ മുറിയും അനുബന്ധ സൗകര്യങ്ങളും അഗ്നി രക്ഷാനിലയം പ്രവർത്തിക്കുന്നതിന് അനുയോജ്യമാണെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്തുത കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വകുപ്പിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യന്ത്രി ഇക്കാര്യം അറിയിച്ചത്.പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനുകളുടെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും 18-02-2021 ലെ 51/2021/ആഭ്യന്തരം നമ്പർ ഉത്തരവ് പ്രകാരം തത്വത്തിൽ അംഗീകാരം നല്കിയിട്ടുള്ള നേര്യമംഗലം ഫയർ സ്റ്റേഷൻ നേര്യമംഗലം ബസ് സ്റ്റാന്റിനോട് ചേർന്നുള്ള സംസ്കാരിക നിലയത്തിൽ ആരംഭിക്കുന്നതിന് പഞ്ചായത്ത് സമ്മതം അറിയിച്ചിട്ടുണ്ടെന്നും ഇത് വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും,ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതും,ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതയുള്ളതും,മറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നും വളരേ ദൂരത്തിൽ ആണെന്നുള്ള വസ്തുതയും കണക്കിലെടുത്ത് നേര്യമംഗലം ഫയർ സ്റ്റേഷൻ ആരംഭിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനായി കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം സാംസ്കാരിക നിലയത്തിന്റെ മുറി,നേര്യമംഗലം അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ താല്കാലികമായി വാടക രഹിതമായി വിട്ടു നല്കുന്നതിന് പഞ്ചായത്ത് സമിതി തീരുമാനിച്ചതായും,ഗ്യാരേജ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് സൗകര്യം അനുവദിച്ച് നല്കാമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കെട്ടിടവും അനുബന്ധ സ്ഥലവും വകുപ്പ് പരിശോധിച്ചതിൽ അഗ്നി രക്ഷാ നിലയം പ്രവർത്തിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രസ്തുത കെട്ടിടവും ഗ്യാരേജും വകുപ്പിന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.