കോതമംഗലം : നേര്യമംഗലം ഫയർ സ്റ്റേഷൻ;സാംസ്കാരിക നിലയത്തിൽ സൗകര്യമൊരുക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപടി സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനുകളുടെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും തത്വത്തിൽ അംഗീകാരം ലഭ്യമായിട്ടുള്ളതുമായ നേര്യമംഗലം ഫയർ സ്റ്റേഷൻ വേഗത്തിൽ ആരംഭിക്കേണ്ട ആവശ്യകത എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.
ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതും വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും,മറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നും വളരേയധികം ദൂരത്തിലുള്ളതും,അതോടൊപ്പം തന്നെ മണ്ണിടിച്ചിൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ അനുഭവപ്പെടുന്ന മേഖല എന്നതും,ഭൂമിശാസ്ത്ര പരമായ പ്രത്യേകത കണക്കിലെടുത്തും നേര്യമംഗലം ഫയർ സ്റ്റേഷൻ വേഗത്തിൽ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് താല്കാലിക കെട്ടിടം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച് വരുന്നു.സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ നിന്നും ജില്ല കളക്ടർക്ക് കത്ത് നല്കിയിട്ടുണ്ട്.
കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം സാംസ്കാരിക നിലയത്തിന്റെ മുറി താല്കാലികമായി വാടക രഹിതമായി വിട്ടു നല്കുന്നതിന് തയ്യാറാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് നിലയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപടി സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.
