കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ – വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിലാക്കുമെന്ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി അടക്കമുള്ള പഞ്ചായത്തുകളിലും കോതമംഗലം മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലും വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ള ക്ഷാമവും വരൾച്ചയും പരിഹരിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്തിട്ടുള്ള ആവോലിച്ചാൽ – വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കണമെന്നും പ്രസ്തുത പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിനു വേണ്ടി എൻവിയോൺമെന്റൽ ഇംപാക്ട് അസ്സസ്മെന്റ്(ഇ ഐ എ) പഠന നടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ പ്രയോജനം ലഭ്യമാകുന്ന പദ്ധതിയാണിതെന്നും പദ്ധതി നടപടി ക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിൽ കുടിവെള്ള ക്ഷാമവും,വരൾച്ചയും പരിഹരിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്തിട്ടുള്ള ആവോലിച്ചാൽ – വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പെരിയാറിൽ നിന്നും 8 കി മി ദൂരത്തുള്ള കോതമംഗലം പുഴയിലേക്ക് വേനൽക്കാലത്ത് വെള്ളം പമ്പ് ചെയ്ത് ഈ പുഴയിലേക്കുള്ള കേരള വാട്ടർ അതോറിറ്റി പദ്ധതികൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതിനാലും വാട്ടർ അതോറിറ്റി,പൊതുമരാമത്ത്,ഇറിഗേഷൻ,വനം എന്നീ വകുപ്പുകൾ ഉൾപ്പെടുന്നതിനാലും വിശദമായ പഠനം നടത്തി ഡി പി ആർ തയ്യാറാക്കുമെന്നും എൻവിയോൺമെന്റൽ ഇംപാക്ട് അസ്സസ്മെന്റ് (ഇ ഐ എ)പഠനത്തിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമ സഭയിൽ വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് പ്രിലിവനറി റിപ്പോർട്ട് തയ്യാറാക്കുകയും ഫോറസ്റ്റിന്റെ അനുമതിക്കായി കത്ത് നൽകിയതായും ബഹു:മന്ത്രി പറഞ്ഞു.പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കുന്നതിനു വേണ്ടി എംഎൽഎയുടെ ആവശ്യ പ്രകാരം ജനപ്രതിനിധികളുടേയും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം നവംബർ മാസം 7-)0 തിയതി വ്യാഴാഴ്ച തിരുവനന്തപുരത്ത് തന്റെ ചേമ്പറിൽ വിളിച്ചു ചേർക്കുമെന്നും ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.
You must be logged in to post a comment Login